കാസർകോട്: സ്ഥിരമായി ഉപയോഗിക്കുന്ന പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ അക്കൗണ്ടിലെ പണം നഷ്ടമായ ഞെട്ടലിലാണ് കണ്ണൂർ സ്വദേശിയായ യുവാവ്. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്.
പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ ലിമ്‌നിത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിശദമായ അന്വേഷണം നടത്തിയാലേ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരമാണ് ലിമ്‌നിത്ത് ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ‘നിങ്ങൾ ഒരു സ്‌ക്രാച്ച് കാർഡിന് അർഹനായിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചത്. ഇത് തുറന്ന് ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ 4993 രൂപ സമ്മാനം ലഭിച്ചതായി ഫോണിൽ കാണിച്ചിരുന്നു. എന്നാൽ ഇത്രവലിയ സംഖ്യ കാണിച്ചതോടെ സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടിൽനിന്ന് 4993 രൂപ നഷ്ടപ്പെട്ടതായി ആപ്പിൽ സന്ദേശമെത്തുകയും ചെയ്തു.
പണമിടപാട് രേഖയിൽ അഭിഷേക് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എന്നാൽ പണം നഷ്ടപ്പെടുന്നതിന് മുമ്പ് ഒടിപിയോ രഹസ്യ നമ്പറോ ആവശ്യപ്പെട്ടിട്ടില്ലെന്നും ലിമ്‌നിത്ത് പറഞ്ഞു. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട ഉടൻ സൈബർ സെല്ലിലും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നൽകി.
Discussion about this post