ആലപ്പുഴ: വ്യാജരേഖ ചമച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചു വന്ന സംഭവത്തില്‍ കീഴടങ്ങാനെത്തിയ കുട്ടനാട് രാമങ്കരി നീണ്ടിശേരിയില്‍ 27 കാരി സെസി സേവ്യര്‍ പോലീസിനെ കബളിപ്പിച്ചു മുങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിലാണ് നാടകീയമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. തനിക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റവും ചുമത്തിയെന്നറിഞ്ഞാണ് പോലീസ് നോക്കിനില്‍ക്കെ കടന്നു കളഞ്ഞത്.
കോടതിയുടെ പിന്നിലെ റോഡില്‍ സ്റ്റാര്‍ട്ട് ചെയ്തുകിടന്ന കാറില്‍ സെസി പോയതായി ദൃക്സാക്ഷികളായ അഭിഭാഷകര്‍ പറഞ്ഞു. സെസിക്കെതിരെ ബാര്‍ അസോസിയേഷന് നല്കിയ പരാതിയില്‍ വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. പ്രതിക്കുവേണ്ടി നേരത്തേ നല്കിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പിന്നീട് പരിഗണിക്കാന്‍ മാറ്റി.
ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേര്‍ത്ത് കോടതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്കി. ജാമ്യം കിട്ടാത്തതും 7 വര്‍ഷം വരെ തടവു ലഭിക്കാവുന്നതുമായ ഈ വകുപ്പ് ഉള്‍പ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി. ഇക്കാര്യം അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ ഖാദര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെ അപേക്ഷ അവിടെ നല്കാന് അഭിഭാഷകര്‍ക്കു നിര്‍ദേശം നല്കി.
തുടര്‍ന്നു പുറത്തിറങ്ങിയ സെസി പോലീസിനെയും കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. എല്‍എല്‍ബി ജയിക്കാതെ മറ്റൊരാളുടെ റോള്‍ നമ്പര്‍ നല്കി 2019ല്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയ സെസി, ഏപ്രിലില്‍ നടന്ന ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നിര്‍വാഹക സമിതി അംഗമാവുകയായിരുന്നു.
Discussion about this post