ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലെ അയക്കുന്നതിനെ കോടതിയില്‍ എതിര്‍ത്ത് അഭിഭാഷകന്‍. ആത്മഹത്യാ മനോഭാവം കാണിക്കുന്നയാളാണ് നീരവ് മോദിയെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് അത് വെല്ലുവിളിയാണെന്നും വാദത്തിനിടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മുംബൈ ആര്‍തര്‍ ജയിലിലെ മോശം സാഹചര്യങ്ങളും അവര്‍ ഉയര്‍ത്തിക്കാട്ടി. ഇന്ത്യയിലേക്ക് അയക്കുകയാണെങ്കില്‍ ഈ ജയിലിലായിരിക്കും നീരവ് മോദി കഴിയേണ്ടിവരികയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആര്‍തര്‍ റോഡ് ജയിലില്‍ അദ്ദേഹത്തിന് വേണ്ട കരുതല്‍ ലഭിക്കില്ല. ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ നീരവിന് ലഭിക്കില്ലെന്നും അഭിഭാഷകര്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു.
മുംബൈയിലെ കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് നല്ലതല്ല. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 50 കാരനായ വജ്രവ്യാപാരി നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ വാന്റ്‌സ്വര്‍ത്ത് ജയിലില്‍ വിചാരണ തടവിലാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരെയുള്ള കേസ്. 2019 മാര്‍ച്ചില്‍ അറസ്റ്റിലായതിനുശേഷം നീരവിന് നിരവധി തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.
Discussion about this post