ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ റണൗത്ത്.
രാമായണത്തെ ഉദാഹരണമാക്കിക്കൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. ചരിത്രത്തില്‍ മികച്ച ഭരണാധികാരികള്‍ തങ്ങളുടെ പൗരരെ വേഷം മാറിപ്പോയി രഹസ്യമായി നിരീക്ഷിച്ചിരുന്നെന്നും രാമായണത്തിലും ഇതിനുദാഹരണമുണ്ടെന്നും കങ്കണ പറയുന്നു.
‘ ഇത് ഭരണകൂടത്തിന്റെ ഭാഗമായ പ്രവൃത്തിയാണ്. രാമായണത്തില്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമുണ്ട്. അത്തരമൊരു സന്ദര്‍ശന സമയത്താണ് സീതാ ദേവിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള അഭിപ്രായം രാമന് രഹസ്യമായി കേട്ടത്. സമൂഹ വിരുദ്ധ കാര്യങ്ങളോ ജനങ്ങളുടെ പൊതു പ്രശ്നങ്ങളോ അവരുടെ മാനസികാവസ്ഥയോ രാജാവിനറിയണമെന്നുണ്ടെങ്കില്‍ അത് വലിയ കാര്യമല്ല. അത് അദ്ദേഹത്തിന്റെ അധികാരവും ജോലിയുമാണ്,’ കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ കുറിച്ചു.
അതേസമയം താന്‍ പെഗാസസിനെ കുറിച്ചല്ല പറയുന്നതെന്ന് തമാശ രൂപേണ ഒരു വരിയും നടി കുറിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ച്ച വിവാദം പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ശക്തമായി ഉപയോഗിക്കവയൊണ് കങ്കണയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് പെഗാസസ് ഇന്ത്യയില്‍ നടത്തിയ ചാരപ്പണിയുടെ വിവരങ്ങള്‍ പുറത്തു വന്നത്. രണ്ട് കേന്ദ്ര മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. 40 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.
Discussion about this post