ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ എത്തിക്കാനായി വേണ്ടി വരിക 188 കോടി ഡോസ് വാക്സിനാണെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് 94 കോടി പേർ 18 വയസ്സിനു മുകളിലുള്ളതായി കണക്കാക്കുന്നെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞു. ഭാവിയിൽ ഒറ്റ ഡോസ് വാക്സിനുകൾക്ക് ഉപയോഗ അനുമതി ലഭിക്കുന്നപക്ഷം ആവശ്യമായ വാക്സിൻ ഡോസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്നും സർക്കാർ വ്യക്തമാക്കി.
പരീക്ഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചില വാക്സിനുകൾക്കു കൂടി അനുമതി ലഭിച്ചേക്കുമെന്നും അവ യോജിച്ച പ്രായത്തിലുള്ളവർക്ക് നൽകുമെന്നും മന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചു. കോവിഡ് വാക്സിൻ കുത്തിവെപ്പിന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന സർവീസ് ചാർജും സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. ഒരു കുത്തിവെപ്പിന് പരമാവധി 150 രൂപയേ സർവീസ് ചാർജായി ഈടാക്കാനാകൂവെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
നിലവിൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക്, ആവശ്യത്തിന് വാക്സിൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടോ എന്ന ചോദ്യത്തിന് 2021 ജനുവരി മുതൽ ഡിസംബർ വരെ 187 കോടി ഡോസ് വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യ സഹമന്ത്രി മറുപടിയും നൽകി.
രാജ്യത്ത് നിർമിക്കുന്ന കോവിഷീൽഡ് വാക്സിൻ ഡോസിന് 600 രൂപയ്ക്കും കൊവാക്സിന് 1200 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിന് ഡോസ് ഒന്നിന് 948 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഇത് രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ല. അതിനാൽ ഇറക്കുമതി ചെയ്യുകയാണ്.
Discussion about this post