കൊച്ചി: കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ വീട്ടമ്മയുടെ അരയ്ക്ക് താഴെ തളര്‍ന്നതായി പരാതി. എറണാകുളം തമ്മനം സ്വദേശി സലാഹുദ്ദീന്റെ ഭാര്യ ബുഷ്റ(49)യാണ് ട്രാന്സ്വേഴ്സ് മയലിറ്റിസ് എന്ന ദുരിതമനുഭവിക്കുന്നത്.
മേയ് 18ന് ആലപ്പുഴ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍നിന്ന് ബുഷ്റയും ഭര്‍ത്താവും കോവാക്സിന് ആദ്യ ഡോസ് എടുത്തിരുന്നു. പിറ്റേന്ന് രാത്രി മുതലാണ് അസ്വാഭാവിക ശാരീരിക അസ്വസ്ഥതകള്‍ ബുഷ്റക്ക് അനുഭവപ്പെട്ടത്. 20ന് രാവിലെ അരക്കുകീഴെ തളരുകയും ചെയ്തു.
തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ട്രാന്സ്വേഴ്സ് മയലിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തി. സ്റ്റിറോയ്ഡ് ഇന്ജക്ഷന്, രക്തത്തിലെ ആന്റിബോഡിയെ വേര്‍തിരിക്കുന്ന ഡയാലിസിസിന് സമാനമായ പ്ലാസ്മഫെരിസിസ്, ഐവിഐജി ഇന്ജക്ഷന് തുടങ്ങിയവയാണ് ഇതിന്റെ വിവിധ ഘട്ടങ്ങളിലെ ചികിത്സ. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരും. ഇവിടെനിന്ന് പ്ലാസ്മഫെരിസിസ് ഒരുതവണ ചെയ്തു.
ആലപ്പുഴ കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, സര്‍വെയ്ലന്‍സ് ഓഫിസര്‍ തുടങ്ങിയവരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ മൂന്നര ലക്ഷം രൂപ വരുന്ന ഐവിഐജി ഇന്ജക്ഷന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സൗജന്യമായി ലഭിച്ചു.
എന്നാലും കാലിന് ചെറിയ അനക്കമല്ലാതെ പുരോഗതിയുണ്ടായില്ല. പിന്നാലെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറിയെങ്കിലും അവിടെ നിന്ന് പ്ലാസ്മഫെരിസിസ് വീണ്ടും ചെയ്തുനോക്കാമെന്ന് മാത്രമാണ് നിര്‍ദേശമായി ലഭിച്ചത്. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് ശ്രീചിത്രയില്‍ നിന്ന് ഈ ചികിത്സ സൗജന്യമായി ലഭിക്കുമെങ്കിലും ബുഷ്റയുടെ കുടുംബം എപിഎല്‍ ആയതിനാല്‍ വലിയ തുക അടക്കേണ്ടിവരും.
ഇതേതുടര്‍ന്ന് റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കാനുള്ള അപേക്ഷയുമായി എറണാകുളം കലക്ടറെ സമീപിക്കുകയും ജില്ല സപ്ലൈ ഓഫിസില്‍ നിന്ന് പ്രത്യേക അപേക്ഷ സിവില്‍ സപ്ലൈസ് വകുപ്പിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ അപേക്ഷ ഉടന്‍ പരിഗണിച്ച് അനുകൂല നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ബുഷ്റക്ക് രണ്ടുനേരം ഫിസിയോതെറപ്പി ചെയ്യാന്‍ മാത്രം 1400 രൂപ നിത്യേന ചെലവുവരും. സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ കാത്തിരിക്കുകയാണ് കുടുംബം.
Discussion about this post