കാബൂൾ: അഫ്ഗാനിസ്ഥാനിൽ സേനയും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട റോയിട്ടേഴ്സിന്റെ പുലിറ്റ്സർ ജേതാവും ഇന്ത്യൻ ഫോട്ടോജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം റെഡ്ക്രോസിന് കൈമാറി. ഡാനിഷ് കൊല്ലപ്പെട്ട കാണ്ഡഹാർ പ്രവിശ്യയുടെ അധികാരം പിടിച്ചെടുത്ത താലിബാനാണ് മൃതദേഹം കൈമാറിയത്. അഫ്ഗാൻ സേനക്കൊപ്പം റിപ്പോർട്ടിങിനായി പങ്കുചേർന്നതായിരുന്നു ഡാനിഷ്. എന്നാൽ പാക് അതിർത്തിയോടു ചേർന്ന സ്പിൻ ബോൾഡക് ജില്ലയിൽ റിപ്പോർട്ടിങ്ങിനിടെ സുരക്ഷ സേനയും താലിബാനുമായുണ്ടായ ആക്രമണത്തിനിടെ ഡാനിഷ് കൊല്ലപ്പെടുകയുമായിരുന്നു.
അതേസമയം, ഡാനിഷ് കൊല്ലപ്പെട്ട സംഭവത്തിൽ താലിബാൻ മാപ്പുപറഞ്ഞു. ആക്രമണം നടക്കുന്ന സ്ഥലത്ത് എത്തുന്ന മാധ്യമ പ്രവർത്തകർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ അത് സംഭവിച്ചില്ലെന്നും താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.
ഇതിനിടെ ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അഫ്ഗാനിൽ യുഎസ് സൈനിക പിൻമാറ്റത്തിനു പിന്നാലെ താലിബാൻ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്സ് പ്രതിനിധിയായ ഡാനിഷ് സിദ്ധിഖി. മുതിർന്ന സൈനിക ഉദ്യോഗസ്ഥനും നീക്കത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post