തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം ജീവിതം ദുരിതത്തിലായ തെരുവ് ഗായകന് സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന പോസ്റ്ററുവെച്ച ഭിന്നശേഷിക്കാരനായ റൊണാള്‍ഡിന് സഹായവുമായി മന്ത്രി ആന്റണി രാജുവും എംഎല്‍എ പിടി തോമസുമെത്തി.
റൊണാള്‍ഡിന്റെ വൃക്ക രോഗിയായ മൂത്ത മകന് ചികിത്സ ഉറപ്പാക്കും. റൊണാള്‍ഡിന്റെ സ്ഥിതി പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് സാഹചര്യത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പ്രതിസന്ധിയിലെത്തിയതോടെയാണ് ഇരുകാലുകളും തളര്‍ന്ന റൊണാള്‍ഡ് തന്റെ മുച്ചക്ര വാഹാനത്തില്‍ ‘വില്‍ക്കാനുണ്ട് വൃക്കയും കരളും’ എന്ന പോസ്റ്റര്‍ പതിപ്പിച്ചത്. ഇത് വാര്‍ത്തയായതോടെയാണ് മന്ത്രിയും എംഎല്‍എയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
റൊണാള്‍ഡിന്റെ ജയിലിലായ മകന് നിയമസഹായം നല്‍കുമെന്നും രോഗബാധിതനായ മറ്റൊരു മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ആന്റണി രാജു ഉറപ്പു നല്‍കി.
അതേസമയം റൊണാള്‍ഡിന് വീടുവെച്ചു നല്‍കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അതിന് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പിടി തോമസ് എംഎല്‍എയും അറിയിച്ചു.
തെരുവില്‍ പാട്ടുപാടി ഉപജീവനമാര്‍ഗം തേടിയിരുന്ന റൊണാള്‍ഡ്, കോവിഡ് വന്നതോടുകൂടി കടുത്ത ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. റൊണാള്‍ഡിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. പിന്നാലെ ഒരു മകന്‍ ജയിലിലാവുകയും മറ്റൊരു മകന്‍ രോഗബാധിതനാവുകയും ചെയ്തതോടെ കാലുകള്‍ തളര്‍ന്ന റൊണാള്‍ഡിന്റെ ജീവിതം ഇരുട്ടിലാവുകയായിരുന്നു.
വിഷയത്തില്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന ബോര്‍ഡ് സൈക്കിളില്‍ നിന്ന് റൊണാള്‍ഡ് മാറ്റിയത്. ഇതോടെ തന്റെ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡ്.
Discussion about this post