ചെന്നൈ: ഇളയ ദളപതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലാണ് പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്സ് കാറിന് അടക്കേണ്ടിയിരുന്ന നികുതി അടച്ചിരുന്നില്ല. പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ഹീറോ ആകരുതെന്ന് കോടതി പറഞ്ഞു.
2012ല്‍ വിജയ് ഇംഗ്ലണ്ടില്‍ നിന്നും വിജയ് റോള്‍സ് റോയ്സിന്റെ ഗോസ്റ്റ് സീരിസില്‍പ്പെട്ട കാര്‍ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള കാറിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈകോടതി നടനെതിരെ പിഴ ഈടാക്കിയത്.
സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ വെറും റീല്‍ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകള്ക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടന്മാര് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചു. പിഴയായി ഒരു ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post