തിരുവനന്തപുരം: ടോക്യോ ഒളിംപിക്സ് മത്സരങ്ങള്‍ കാണാന്‍ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന് ജപ്പാനിലേക്ക്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രിയെ അയക്കാന്‍ തീരുമാനമായി. മന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.
കായിക മന്ത്രി വി അബ്ദുറഹിമാന് 23 ദിവസം ജപ്പാനില്‍ ഉണ്ടാകും. ഈ മാസം 21ന് മന്ത്രി ജപ്പാനിലെത്തും. യാത്രയുടെ ചെലവുകളെല്ലാം മന്ത്രി തന്നെ വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഈ മാസം 23നാണ് ടോക്യോ ഒളിംപിക്സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് അവസാനിക്കും. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാലേ മന്ത്രിക്ക് വിദേശ യാത്ര നടത്താനാകൂ.
ടോക്യോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെടി ഇര്ഫാന്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണി എന്നിവരാണ് ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന മലയാളി അത്ലറ്റുകള്. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷും നീന്തല്‍ താരം സജന് പ്രകാശും മലയാളി പ്രാതിനിധ്യമായി ടോക്കിയോയില്‍ എത്തും.
ജപ്പാനിലെ ടോക്യോയില്‍ ജൂലായ് 23നാണ് ഒളിംപിക്സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മത്സരങ്ങള്‍ അവസാനിക്കും.
Discussion about this post