ആലപ്പുഴ: അമ്മയെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച ഏഴു വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ തലയ്ക്കു പൊട്ടലുണ്ട്. മര്‍ദനത്തില്‍ കുട്ടിയ്ക്ക് ആന്തരിക രക്ത ശ്രാവമുണ്ടായി.
കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഇതു തടയാനെത്തിയ കുട്ടിയെ കരണത്തടിക്കുകയും കാലില്‍ പിടിച്ച് നിലത്തടിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.
അതേസമയം കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണത്തിനു ശേഷമേ, ശസ്ത്രക്രിയ വേണോ എന്ന കാര്യം തീരുമാനിക്കൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇയാള്‍ മദ്യപിച്ചു ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിന്റെ പേരില്‍ ഇയാളെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീതു ചെയ്തിട്ടുണ്ട്. വീണ്ടും പ്രശ്നം തുടര്‍ന്നതോടെ ഭാര്യയും മക്കളും വാടകവീട്ടിലേക്കു മാറി. പിന്നീട് ഇയാളും ഈ വീട്ടില്‍ താമസമാക്കുകയായിരുന്നു.
Discussion about this post