ന്യൂഡല്‍ഹി : സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളില്‍ സമ്മര്‍ദം ചെലുത്തില്ലെന്നും നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഡാറ്റ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും കമ്പനി കോടതിയില്‍ പറഞ്ഞു.സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷന് കമ്മിഷന് നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്ആപ്പും ഫെയ്സ്ബുക്കും നല്കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ വാട്സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്.
ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇന്ത്യയില്‍ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ അറിയിച്ചു. പുതിയ നയം അംഗീകരിക്കാത്തവര്‍ക്ക് വാട്സ്ആപ്പിന്റെ സേവനം തടയില്ലെങ്കിലും നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം അയക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സമാന വാദമാണ് ഉയര്‍ത്തിയത്.
ഫെബ്രുവരിയിലാണ് പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നു എന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്സ്ബുക്കിന് കൈമാറുന്ന തരത്തിലായിരുന്നു പുതിയ നയം. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത് നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
Discussion about this post