കൊല്ലം: കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു കൊല്ലപ്പെട്ട കേസിലെ പ്രതി രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തു. ഇന്നലെയാണ് രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തത്. ഗ്രീഷ്മയും ആര്യയും ചേർന്ന് തന്നെ കബളിപ്പിക്കുകയാണെന്ന വിവരം പോലീസ് അറിയിച്ചെങ്കിലും രേഷ്മ ആദ്യം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചതോടെ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ രേഷ്മ ഞെട്ടിയെന്നും പൊട്ടിക്കരഞ്ഞെന്നും പോലീസ് പറയുന്നു.
യഥാർത്ഥത്തിൽ തനിക്ക് അനന്തുവെന്ന ആൺ സുഹൃത്ത് ഉണ്ടായിരുന്നു. വർക്കലയിൽ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാൻ പറ്റിയിട്ടില്ല. ആ സംഭവത്തിന് ശേഷമായിരിക്കാം ഇവർ തന്നെ കബളിപ്പിച്ചത്. ഗ്രീഷ്മയുടെ ആൺസുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതിൽ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാം. അതിനാലാണ് തന്നെ കബളിപ്പിച്ചിട്ടുണ്ടാവുകയെന്നും രേഷ്മ പോലീസിന് മൊഴി നൽകി.
ഗർഭിണിയാണെന്ന കാര്യം ചാറ്റിങിൽ സൂചിപ്പിച്ചിട്ടില്ലെന്നും അനന്തുവെന്ന ആൺ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രേഷ്മ. 2021 ജനുവരി അഞ്ചിനാണ് കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ നിന്ന് നവജാതശിശുവിനെ കണ്ടെത്തിയത്.
മാസങ്ങൾക്ക് നീണ്ട അന്വേഷണത്തിനൊടുവിൽ സംശയമുള്ളവരുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് രേഷ്മയുടെ അടുത്ത സുഹൃത്തുക്കളായ ഗ്രീഷ്മയും ആര്യയും ആത്മഹത്യ ചെയ്തതോടെ കേസ് മറ്റൊരു വഴിയിലേക്ക് എത്തുകയായിരുന്നു. അനന്തുവെന്ന ഫെയ്സ്ബുക്ക് കാമുകന് വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്ന് രേഷ്മ കുറ്റം സമ്മതിച്ചപ്പോൾ അനന്തുവെന്ന വ്യാജപേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് ആര്യയും ഗ്രീഷ്മയും ചേർന്നാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
Discussion about this post