തിരുവനന്തപുരം: ഇര്‍ഫാന്റെ വിയോഗം മറക്കാന്‍ കേരളക്കരയ്ക്ക് ഇനിയും ആയിട്ടില്ല. ഏഴുവര്‍ഷത്തെ കഠിന വേദനയ്ക്കൊടുവിലാണ് ആ കുരുന്ന് യാത്രയായത്. തങ്ങളുടെ പ്രിയപ്പെട്ട ആ കുരുന്നിനെ അവസാനമായി ഒന്നുകാണാന്‍ ആയിരങ്ങളാണ് വീട്ടിലെത്തിയത്.ഇര്‍ഫാനെ കാണാനെത്തിയവരുടെ കൂട്ടുത്തല്‍ മറിയാമ്മയും ഉണ്ടായിരുന്നു.
ഭര്‍ത്താവ് ഉമ്മന്‍ ചാണ്ടിക്കും മകന് ചാണ്ടി ഉമ്മനുമൊപ്പമാണ് ഇര്‍ഫാന്റെ വീട്ടിലെത്തിയത്. അപകടമുണ്ടായതു മുതല്‍ ചികിത്സക്കും ഇര്‍ഫാനു വേണ്ടി സ്വന്തമായി വീടു നിര്‍മിക്കുന്നതിനുമെല്ലാം മുന്പന്തിയുണ്ടായിരുന്നു മറിയാമ്മ. പാര്‍ട്ടി പ്രവര്‍ത്തകരാണ് ഉമ്മന്‍ചാണ്ടിയെ മരണവിവരം വിളിച്ചറിയിച്ചത്. ഉച്ചക്ക് ഒന്നരയോടെ മൂവരും ഇര്‍ഫാന്റെ വീട്ടിലെത്തി. വെളള തുണിയില്‍ ശരീരം പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു അപ്പോള്‍
ആ പ്രിയപ്പെട്ട കുഞ്ഞിനെ ഒരുനോക്ക് കാണണമെന്ന് ഉമ്മന്‍ ചാണ്ടിയും ഭാര്യയും ആവശ്യപ്പെട്ടപ്പോള്‍ തലയുടെ ഭാഗത്തെ തുണി മാറ്റി. സങ്കടം അടക്കാനാവാതെ മറിയാമ്മ വിതുമ്പി. ഇതോടെ അവിടം കണ്ണീര് സാഗരമായി. ഇര്‍ഫാന്റെ സഹോദരിയേയും പിതാവിനേയും ആശ്വസിപ്പിച്ച ശേഷമാണ് മറിയാമ്മ മടങ്ങിയത്.
2011 ഫെബ്രുവരി 17 ന് കരിക്കകത്തുണ്ടായ സ്കൂള്‍ ബസ് അപകടത്തിലാണ് ഇര്ഫാന് ഗുരുതരമായി പരുക്കേറ്റ് ശരീരം തളര്‍ന്നു പ്രതികരണശേഷി പോലും ഇല്ലാതായത്. വാടക വീട്ടിലായിരുന്ന ഇര്‍ഫാന്റെ കുടുംബത്തിന് വീടൊരുക്കിയത് മറിയാമ്മയുടെയും കൂടി ശ്രമ ഫലമായാണ്. മലബാര്‍ ഗോള്‍ഡ് നല്കിയ 5 ലക്ഷം രൂപയും നാട്ടുകാരുടേയും സമുനസുകളുടേയും സഹായത്താല്‍ വീടു നിര്‍മാണം പൂര്‍ത്തിയാക്കി. വീടിന്റെ കല്ലിടലും പാലു കാച്ചും നടത്തിയത് മറിയാമ്മയാണ്.
ഇര്‍ഫാന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്കി. ശേഷം അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഇര്‍ഫാന്റെ പിതാവ് ഷാജഹാന് ശിശു ക്ഷേമ സമിതിയില്‍ ജോലി നല്കി. ഇര്‍ഫാന്റെ ചികിത്സക്കായി 10 ലക്ഷം രൂപയും അനുവദിച്ചു.
Discussion about this post