ബെര്‍ലിന്‍ : കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കി ജര്‍മനി. ബുധനാഴ്ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയെ കൂടാതെ പോര്‍ച്ചുഗല്‍, ബ്രിട്ടന്, വടക്കന്‍ അയര്‍ലന്‍ഡ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്കും നീക്കിയിട്ടുണ്ട്. യാത്രാ വിലക്ക് ഇല്ലെങ്കിലും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന് ബാധകമാണ്. വൈറസ് വകഭേദമുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് മാറ്റിയ രാജ്യങ്ങളെ ഹൈ ഇന്‍സിഡന്‍സ് എന്ന പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ പട്ടികയിലെ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സീന് എടുത്തവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ ജര്‍മനിയിലേക്ക് വിമാനം കയറും മുമ്പ് വാക്സിനേഷന് അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സീന് എടുക്കാത്തവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ ജര്‍മനിയില്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. അഞ്ച് ദിവസത്തിന് ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്വാറന്റീന് അവസാനിപ്പിക്കാം.കോവിഡ് ബാധിത രാജ്യങ്ങളെ വൈറസ് വകഭേദം, ഹൈ ഇന്‍സിഡന്‍സ്, ബേസിക് റിസ്ക് മേഖല എന്നിങ്ങനെ മൂന്നായിട്ടാണ് ജര്‍മനി തരംതിരിച്ചിരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെയാണ് ഇന്ത്യ ആദ്യ പട്ടികയില്‍ ഇടം പിടിച്ചത്. മെയ് മാസത്തില്‍ നേപ്പാളും യുകെയും ജൂണില്‍ റഷ്യയെയും പോര്‍ച്ചുഗലിനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ രാജ്യങ്ങളില്‍ വികസിപ്പിച്ച വാക്സീനുകള്‍ ഡെല്‍റ്റ വകഭേദത്തിനെിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെയാണ് രാജ്യത്ത് വിദേശികളെ പ്രവേശിപ്പിക്കാന്‍ ജര്‍മന്‍ ഭരണകൂടം തീരുമാനിച്ചത്.
Discussion about this post