വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസുകാരിയെ ഷാൾ കഴുത്തിൽ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21)ആണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങി മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സഹോദരൻ കെവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെ, മൃതദേഹപരിശോധനയിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പങ്കുവെച്ചതോടെ കേസിൽ പോലീസ് രഹസ്യമായി അന്വേഷണം നടത്തി വരികയായിരുന്നു. തുടക്കത്തിൽ സംശയം തോന്നിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടിയെ പ്രതി ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.
30ന് അർജുൻ വീട്ടിലെത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു. ആർക്കും സംശയമില്ലാതിരുന്നിട്ടും പ്രതിയെ തന്ത്രപരമായി കുടുക്കിയ പോലീസിനെ നാട്ടുകാർ അഭിനന്ദിക്കുകയാണ്.
Discussion about this post