തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ ഇനി മറ്റൊരു തീരുമാനം എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിക്കെതിരേ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് നല്‍കുമോ എന്ന ചോദ്യത്തിന് അക്കാര്യം അവരല്ലേ തീരുമാനിക്കുന്നതെന്ന് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. മാത്രമല്ല കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നിയമ നിര്‍മാണം നടക്കാനും ഉദ്ദേശിക്കുന്നില്ല. നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കോടതി എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതാണ്. ഏത് വിഷയത്തിലായാലും സര്‍ക്കാരിനും ഒരു നിലപാടില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ പമ്പയിലും നിലയ്ക്കലിലും തടഞ്ഞ് സ്ത്രീകള്‍ പരിശോധിക്കുന്നുവെന്ന വാര്‍ത്തകള്‍ രാവിലെ ശ്രദ്ധയില്‍പെട്ടു. അതിനൊന്നും ആര്‍ക്കും അവകാശമില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ശബരിമല വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് എല്ലാ സംരക്ഷണവും സൗകര്യവും ഒരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. സാധാരണ ഗതിയില്‍ തുടരുന്ന എല്ലാ നടപടികളും ഇനിയും സര്‍ക്കാര്‍ ചെയ്യും. വിശ്വാസികള്‍ക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post