ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില നൂറ് കടന്നതിന് പിന്നാലെ ഡീസലും സെഞ്ച്വറി തൊട്ടു. മധ്യപ്രദേശിലാണ് രാജ്യത്ത് ആദ്യമായി ഡീസൽ നൂറ് കടന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലാണ് ഡീസൽ ലിറ്ററിന് 100 രൂപയായത്. ജൂലൈ നാലിന് വില പുതുക്കി നിശ്ചയിച്ചതോടെയാണ് ഡീസൽ വിലയും നൂറുകടന്നത്.
ഞായറാഴ്ച സിക്കിമിലും പെട്രോൾ വില 100 തൊട്ടിരുന്നു. കേരളത്തിലാകട്ടെ തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും നൂറുരൂപ കടന്നിരുന്നു. ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് ലിറ്ററിന് വർധിപ്പിച്ചത്. രണ്ടുമാസത്തിനിടെ 34ാമത്തെ തവണയാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. ഡീസലിന് 33ാമത്തെ തവണയും.
നികുതി നിരക്കുകളിലെ വ്യത്യാസങ്ങൾ മൂലം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെട്ടാണ് വിലനിരക്കുകൾ. പെട്രോളിനും ഡീസലിനും ഉയർന്ന നികുതി നിരക്കുള്ള രാജസ്ഥാനിലാണ് ആദ്യം പെട്രോൾ വില നൂറുതൊട്ടത്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക് എന്നിവിടങ്ങളിലും പെട്രോൾ വില നൂറുതൊട്ടിരുന്നു. അധികം വൈകാതെ പെട്രോളിന് പിന്നാലെ ഡീസലിനും കേരളത്തിൽ നൂറ് തൊടാനാണ് സാധ്യത. വില കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രം പൂർണമായും മൗനത്തിലാണ്.
Discussion about this post