തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി,
ഡോക്ടറെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഡോ.രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകും. പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകള്‍ തന്നെയാണുള്ളത്. ഡോക്ടര്‍ സമൂഹത്തിന്റെ വിഷമം മനസിലാക്കുന്നുണ്ട്. കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ അവര്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വീണ അറിയിച്ചു.
കോവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോ. രാഹുല്‍ മാത്യു രാജിവെയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ യാതൊരു വിധത്തിലുമുള്ള നടപടികള്‍ ഇല്ലെന്ന് ആരോപിച്ചായിരുന്നു രാജി. പിന്നാലെയാണ് മന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം.
Discussion about this post