മുംബൈ: ഇന്ത്യ എന്നത് അടിമപ്പേരാണെന്നും ഭാരതം എന്ന പേര് രാജ്യത്തിന് നൽകണമെന്നും ബോളിവുഡ് താരം കങ്കണ റണാവത്ത്. സാമൂഹ്യമാധ്യമങ്ങളായ കൂ, ഇൻസ്റ്റ്ഗ്രാം എന്നിവയിലായിരുന്നു കങ്കണയുടെ പ്രതികരണം.
രാജ്യം പാശ്ചാത്യ ലോകത്തിന്റെ മറ്റൊരു തനിപ്പകർപ്പായി തുടരുകയാണെങ്കിൽ ഒരിക്കലും പുരോഗമിക്കില്ലെന്നും താരം തന്റെ കൂ അക്കൗണ്ടിൽ എഴുതി. വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തിൽ വേരൂന്നിയവരാണെങ്കിൽ നാം ഒരു ലോകനേതാവായി ഉയർന്നുവരുമെന്നും കങ്കണ റണാവത്ത് പറഞ്ഞു.
”ഇന്ത്യ അതിന്റെ പുരാതന ആത്മീയതയിലും ജ്ഞാനത്തിലും വേരൂന്നിയാൽ മാത്രമേ ഉയരാൻ കഴിയൂ, അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മളെ ഉറ്റുനോക്കും, നഗരവളർച്ചയിൽ നാം ഉയർന്നതാണെങ്കിലും പാശ്ചാത്യ ലോകത്തിന്റെ വിലകുറഞ്ഞ പകർപ്പല്ല, വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തിൽ വേരൂന്നിയവരാണെങ്കിൽ നാം ഒരു ലോകനേതാവായി ഉയർന്നുവരും, നമുക്ക് ഈ അടിമ നാമം ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന പേരിലേക്ക് തിരികെ മാറ്റാമോ?” എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
Discussion about this post