ഡെറാഡൂണ്‍ : അടിയന്തര ഘട്ടങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്നുകള്‍ കുറിച്ചു നല്കാന് അനുതി നല്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് ആയുര്‍വേദിക്ക് സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് സംസ്ഥാന ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്.
വിദൂരപ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഈ തീരുമാനം ഏറെ സഹായകരമായിരിക്കും. സംസ്ഥാനത്ത് എണ്ണൂറിലധികം ആയുര്‍വേദ ഡോക്ടര്‍മാരുണ്ട്. അത്രത്തോളം തന്നെ ആയുര്‍വേദ ഡിസ്പെന്‍സറികളുമുണ്ട്. ഇതില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നത് മലമ്പ്രദേശങ്ങളിലാണ്. ഈ മേഖലകളിലുള്ളവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി ചികിത്സ ഉറപ്പാക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്തെത്തി. തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഐഎംഎയുടെ വിമര്‍ശനം. മിക്സോപ്പതിയാണ് മന്ത്രി മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് രോഗികളെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പ്രതികരിച്ചു.
Discussion about this post