ന്യൂഡൽഹി: കേന്ദ്രസർക്കാർ കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ധവളപത്രം പുറത്തിറക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏതെങ്കിലും രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടിയല്ല ധവളപത്രം പുറത്തിറക്കുന്നതെന്ന്ുെ കോവിഡ് ബാധിച്ച ജനങ്ങൾക്കായാണെന്നും രാഹുൽ പറഞ്ഞു.
കോവിഡിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ കണ്ണീർ തുടയ്ക്കാൻ പ്രധാനമന്ത്രിയുടെ കണ്ണീരിന് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘അദ്ദേഹത്തിന്റെ കണ്ണീരിന് അവരെ രക്ഷിക്കാനാകില്ല, പക്ഷെ ഓക്സിജിന് സാധിക്കും’ രാഹുൽ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും സർക്കാരിന്റെ പ്രവർത്തവുമായി ബന്ധപ്പെട്ടും കോൺഗ്രസ് കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് ധവളപത്രത്തിലുള്ളതെന്ന് രാഹുൽ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ച പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കേണ്ട ആവശ്യമുണ്ട്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, മൂന്നാം തരംഗം ഉറപ്പായുമുണ്ടാകും. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ധവളപത്രത്തിലുള്ളത്.
രണ്ടാം തരംഗത്തിൽ വലിയതോതിൽ ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കാത്തതാണ് ഇതിന് കാരണം. ആ സമയത്ത് തിരഞ്ഞെടുപ്പു പ്രചാരണവുമായി പ്രധാനമന്ത്രി പശ്ചിമബംഗാളിലും മറ്റും കറങ്ങിത്തിരിയുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Discussion about this post