ലഖ്നൗ : ഉത്തര്‍പ്രദേശിലെ പ്രതാപ്ഞ്ചില് ബൈക്ക് അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്ത്തകന് സുലഭ് ശ്രീവാസ്തവയുടെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം. ഞായറാഴ്ച രാത്രിയില്‍ ജോലിക്കുശേഷം ബൈക്കില്‍ മടങ്ങുന്നതിനിടെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്.
ഇഷ്ടിക്കച്ചൂളയ്ക്ക് സമീപത്ത് വെച്ച് ഇദ്ദേഹത്തിന്റെ ബൈക്ക് മറിയുകയായിരുന്നു. ഇഷ്ടികച്ചൂളയിലെ ജീവനക്കാര്‍ സുലഭിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സുരേന്ദ്ര ദ്വിവേദി പറഞ്ഞു.ജില്ലയിലെ മദ്യമാഫിയകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സുലഭിന് ഇവരില്‍ നിന്ന് ഭീഷണിയുയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം കത്തയച്ചിരുന്നു. ഇതിന് പിറ്റേദിവസമാണ് മരണം.
സുലഭ് തനിച്ചാണ് ബൈക്കിലുണ്ടായിരുന്നതെന്നും റോഡിലുണ്ടായിരുന്ന ഹാന്‍ഡ് പമ്പിലിടിച്ച് മറിയുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. മറ്റ് സാധ്യതകള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളില്‍ സുലഭിന്റെ മുഖത്ത് പരുക്കുകള്‍ ഉള്ളതായും വസ്ത്രം നീക്കം ചെയ്തതായും കാണാം. ഷര്‍ട്ടും പാന്റ്സും ഏകദേശം മുഴുവനായും ഊരിമാറ്റിയ നിലയിലായിരുന്നു.
” ജൂണ്‍ 9ന് മദ്യമാഫിയയെക്കുറിച്ചുള്ള വാര്‍ത്ത പോര്‍ട്ടലില്‍ വന്നിരുന്നു. അതിനു പിന്നാലെ ഒട്ടേറെ ഭീഷണികള്‍ തനിക്കെതിരെ ഉയരുന്നുണ്ട്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ ആരൊക്കെയോ പിന്തുടരുന്നതായി തോന്നാറുണ്ട്. തന്റെ റിപ്പോര്‍ട്ടിനാല്‍ മദ്യമാഫിയ അസംപ്തൃപ്തരാണ്. അവര്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്.” പോലീസിന് നല്കിയ കത്തില്‍ സുലഭ് പറയുന്നു.
Discussion about this post