ഇക്കഴിഞ്ഞ 12ാം തീയതിയായിരുന്നു മുൻമന്ത്രി എകെ ബാലന്റെയും പികെ ജമീലയുടേയും 39ാം വിവാഹ വാർഷികം. ഇരുവരുടേയും നാല് പതിറ്റാണ്ടോളം നീളുന്ന ദീർഘമായ വിവാഹജീവിതം ആരംഭിച്ചത് ഒരു ജൂൺ 12നായിരുന്നു എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ പത്രവാർത്തയുടെ കട്ടിങുകൾ.
39 വർഷം മുമ്പത്തെ 1982 ജൂൺ 12ന് രാവിലെ പത്തരയോടെ വരനും വധുവുമായി ഒരുങ്ങി ചെങ്ങന്നൂരിലെ എൻഎസ്എസ് മന്നം ഓഡിറ്റോറിയത്തിൽ വെച്ച് ലളിതമായ ചടങ്ങിൽ വെച്ച് പികെ ജമീലയും എകെ ബാലനും വിവാഹിതരാകുമ്പോൾ പാർട്ടി സഖാക്കളും നേതാക്കളുമെല്ലാം സാക്ഷികളാകാൻ എത്തിയിരുന്നു.
അന്ന് ഒറ്റപ്പാലം എംപിയായിരുന്നു എകെ ബാലൻ, വധു പികെ ജമീലയായ മുൻഎംപിയായ പികെ കുഞ്ഞച്ചന്റെ മകളും ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പാസായി സീനിയർ ഹൗസ് സർജനായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറും.
വിവാഹദിനത്തിലെ ചിത്രങ്ങളും പത്രക്കട്ടിങുകളും പങ്കുവെച്ചിരിക്കുന്നതാകട്ടെ ഇരുവരുടേയും മകൻ നവീൻ ബാലനും. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വാർത്തകളും ചിത്രങ്ങളും വിവാഹക്ഷണക്കത്തും സോഷ്യൽമീഡിയയിലും ഏറെ ശ്രദ്ധേയമാവുകയാണ്. അന്നത്തെ പത്രവാർത്തകളോടൊപ്പമുള്ള ചിത്രങ്ങളിൽ നിന്നും ഏറെ പ്രസരിപ്പോടെ വിഎസ് അച്യുതാനന്ദനേയും കെആർ ഗൗരിയമ്മയേയും എല്ലാം കാണാം.
എകെ കേളു, എംഎം ലോറൻസ്, ഒജെ ജോസഫ്, സുശാല ഗോപാലൻ, ഗോവിന്ദക്കുറുപ്പ്, കാട്ടായിക്കോണം ശ്രീധരൻ, പി ഗോവിന്ദപ്പിള്ള, അന്നത്തെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ടി ശിവദാസമേനോൻ തുടങ്ങിയ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് വിവാഹത്തിന് നേതൃത്വം നൽകിയത്.
അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വിഎസ് അച്യുതാനന്ദൻ നൽകിയ സ്വർണമാല എകെ ബാലൻ പികെ ജമീലയെ അണിയിച്ചാണ് വിവാഹചടങ്ങ് അതീവ ലളിതമായി പൂർത്തിയാക്കിയത്. പൂമാലകൾ അണിയിച്ചതും മോതിരം കൈമാറിയതും മാത്രമായിരുന്നു വിവാഹത്തിലെ മറ്റ് ചടങ്ങുകൾ.
Discussion about this post