തിരുവനന്തപുരം: കെടിഡിസിയുടെ നവീകരണത്തിനായി പുതിയ ഓൺലൈൻ സംവിധാനം തയ്യാറാകുന്നു. കെടിഡിസി ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ്‌വർക്കിന്റെ ഭാഗമാക്കുന്നതിനായുള്ള പദ്ധതികൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി കെടിഡിസി ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. നവീന രീതിയിലുള്ള ഓൺലൈൻ ബുക്കിംഗ് ഈ മാസം തന്നെ പ്രവർത്തന സജ്ജമാകും. അന്തർദേശീയ ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കൂടുതൽ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ചാനൽ മാനേജർ സോഫ്റ്റ്‌വെയർ സംവിധാനമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം പിന്നിടുമ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ സജീവമാക്കാനും ആകർഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് കെടിഡിസി ഒരുക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ മാസ്‌ക്കറ്റ് ഹോട്ടലിലും ഗ്രാൻഡ് ചൈത്രം ഹോട്ടലിലും എത്തി വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.
കെടിഡിസിയുടെ പുതിയ ചാനൽ മാനേജർ സോഫ്റ്റ്‌വെയർ വഴി ലോകത്തിലെ പ്രശസ്ത സഞ്ചാര പോർട്ടലുകൾ ആയ ബുക്കിംഗ് ഡോട്ട് കോം, അഗോഡ എന്നിവയിൽ നിന്നും ഇന്ത്യയിലെ പ്രമുഖ പോർട്ടലുകൾ ആയ മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി എന്നിവയുടെ ബുക്കിംഗ് പോർട്ടലിൽ നിന്നും തത്സമയം കെടിഡിസി ഹോട്ടലുകളിൽ ബുക്ക് ചെയ്യുന്നതിന് സാധിക്കും. തിരുവനന്തപുരത്തെ ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ ആകും ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുകയെന്നും ടൂറിസം വകുപ്പ് അറിയിച്ചു.
Discussion about this post