തിരുവനന്തപുരം: അഞ്ച് വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് കായ്ച്ചു. 18 കുലകളുമായി നില്‍ക്കുന്നത് കാണാന്‍ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന്‍ എത്തി. കാസര്‍കോട് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തില്‍പ്പെട്ട തെങ്ങാണ് 18 കുല തേങ്ങയുമായി സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ നില്‍ക്കുന്നത്.
2016 സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി ഗാര്‍ഡനില്‍ തെങ്ങിന്‍ തൈ നട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ഒപ്പം തൈ നട്ടിരുന്നു. ഇത്തരത്തില്‍ നട്ട കോട്ടൂര്‍ക്കോണം മാവും മികച്ച രീതിയില്‍ വളരുന്നുണ്ട്. ഈ വര്‍ഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ എത്തിയപ്പോഴാണ് ഇതേ ഗാര്‍ഡനില്‍ ആദ്യമായി നട്ട തെങ്ങ് കാണാന്‍ മുഖ്യമന്ത്രി കൗതുകത്തോടെ എത്തിയത്.
തെങ്ങ് വളര്‍ന്നതും 18 കുലയോളം തേങ്ങയുമായി നില്‍ക്കുന്നത് കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്. സെക്രട്ടേറിയറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഗാര്‍ഡനിലെ മരങ്ങളും കൃഷിയും പരിപാലിക്കുന്നത്. അതുപോലെ ഈവര്‍ഷവും സെക്രട്ടേറിയറ്റില്‍ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ പച്ചക്കറി തൈ നട്ട് നിര്‍വഹിച്ചു. തക്കാളി തൈയാണ് മുഖ്യമന്ത്രി നട്ടത്. സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ 800 ഓളം ചട്ടികളിലാണ് തൈ നടുക. തക്കാളി, രണ്ടിനം മുളക്, വഴുതന, കത്തിരിക്ക, പയര്‍, വെണ്ട, ചീര തുടങ്ങി എട്ടിനം പച്ചക്കറികള്‍ ഇവിടെ കൃഷിചെയ്യും.
Discussion about this post