പാരിസ്: ടെക് ഭീമൻ ഗൂഗിൾ ഡിജിറ്റൽ പരസ്യ മേഖലയിലെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ . 26.8 കോടി ഡോളറാണ് ( 1950 കോടി രൂപയോളം) ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി പിഴയീടാക്കിയത്.ഗൂഗിൾ എതിരാളികളെ ബാധിക്കുന്ന വിധം സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകൾക്ക് മുൻഗണന നൽകിയെന്നാണ് അധികൃതർ കണ്ടെത്തിയത്.
2019ൽ ഡിജിറ്റൽ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്തെന്ന് കാട്ടി റൂപർട് മർഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോർപ്, ഫ്രഞ്ച് പത്രമായ ലെഫിഗരോ, ബെൽജിയൻ മാധ്യമ സ്ഥാപനമായ റൊസൽ എന്നിവർ ചേർന്ന് നൽകിയ പരാതിയിലാണ് നടപടി എടുത്തത്.
ഗൂഗിളിന്റെ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകളായ ആഡ്എക്സിനും ഡബിൾക്ലിക്ക് ആഡ് എക്സ്ചെയ്ഞ്ചിനും പരിധിയിലധികം മുൻഗണന നൽകി മാർക്കറ്റിൽ അവർക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായാണ് കമ്പനികളുടെ ആരോപണം.
അതുവഴി വൻ തുക മുടക്കി മാധ്യമങ്ങളുടെ വെബ് സൈറ്റുകളിലും മറ്റ് ആപ്പുകളിലും നൽകിവരുന്ന പരസ്യങ്ങളും വാർത്തകളും ഗൂഗിൾ മറയ്ക്കുന്നതായും മത്സര രംഗത്തുള്ള മറ്റ് കമ്പനികൾ ആരോപിക്കുന്നു. നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഗൂഗിൾ ഫ്രഞ്ച് അധികൃതരെ അറിയിച്ചിട്ടുണ്ട്.
Discussion about this post