തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണം ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏതെല്ലാം സ്രോതസ്സുകൾ ഉപയോഗിക്കാൻ കഴിയുമോ അതെല്ലാം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പു നൽകി.
ഓൺലൈൻ വിദ്യാഭ്യാസത്തിൽനിന്ന് അത്രവേഗം മാറാനാകുമെന്ന് തോന്നുന്നില്ല. കോവിഡ്19 ഒന്നാം തരംഗം വന്നപ്പോൾ രണ്ടാം തരംഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാം തരംഗത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. സംസ്ഥാനത്ത് ടി വി, ഫോൺ, കംപ്യൂട്ടർ തുടങ്ങിയവ വാങ്ങാൻ ശേഷിയില്ലാത്തവരുണ്ട്. ആദിവാസി മേഖലകളിലുൾപ്പെടെ ചിലയിടങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നമുണ്ട്.
ഇന്റർനെറ്റ് ഡാറ്റയുടെ നിരക്ക് താങ്ങാൻ കഴിയാത്തവരുമുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനദാതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചചെയ്ത് കുട്ടികൾക്ക് ഭാരമില്ലാത്ത രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കും. ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുമ്പോൾ ഡിജിറ്റൽ വേർതിരിവ് പാടില്ല എന്നതാണ് സർക്കാറിന്റെ നയം. സംസ്ഥാനത്തിന്റെ ഭാവി വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവുമായികൂടി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Discussion about this post