കൊല്ലം; പരിസ്ഥിതി ദിനാചരണത്തില്‍ കഞ്ചാവ് ചെടി നട്ട് യുവാക്കള്‍. കൊല്ലം മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ടത്. കൂടാതെ ചെടി നടുന്നതിന്റെ ഫോട്ടോഷൂട്ടും ഇവര്‍ നടത്തി. ഇവരെ കണ്ടെത്തുന്നതിന് വലവിരിച്ചിരിക്കുകയാണ് എക്‌സൈസ്. കഞ്ചാവ് കേസ് പ്രതികളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
പരിസ്ഥിതി ദിനത്തില്‍ ചെടി നട്ട യുവാക്കളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.എക്‌സൈസ് കൊല്ലം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ നട്ടത് കഞ്ചാവ് ചെടിയാണെന്ന് കണ്ടെത്തിയത്.
കഞ്ചാവ് കേസില്‍ മുമ്പ് പിടിയിലായ കണ്ടച്ചിറ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ചെടികള്‍ നട്ടതെന്നാണ് സംശയിക്കുന്നത്. ഇവരെ ഉടന്‍ പിടികൂടുമെന്ന് അസി. എക്‌സൈസ് കമ്മിഷണര്‍ ബി. സുരേഷ് അറിയിച്ചു. മങ്ങാട് ബൈപ്പാസ് പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടതായി വിവരം ലഭിച്ചെങ്കിലും പരിശോധനയില്‍ ഇവ നശിപ്പിച്ച നിലയിലായിരുന്നു.
Discussion about this post