വാഷിങ്ടൺ ഡിസി: ലോകത്തെ വിറപ്പിച്ച കോവിഡ് രോഗത്തിനു കാരണമായ സാർസ്‌കോവി-2 വൈറസ് ചൈനീസ് ലാബിൽ നിന്നും ചോർന്നതാണെന്ന സിദ്ധാന്തം വീണ്ടും ചർച്ചയായതോടെ അവകാശവാദങ്ങളുമായി രംഗത്തെത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന ലോകത്തിന് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താൻ പ്രസിഡന്റായിരുന്ന സമയത്ത് പറഞ്ഞ വാദങ്ങൾ ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് വാദിച്ച് ട്രംപ് രംഗത്തെത്തിയിരുന്നത്. മുമ്പ് കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ച് ട്രംപ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ചൈന നഷ്ടപരിഹാരമായി 10 ട്രില്യൺ ഡോളർ അമേരിക്കയ്ക്കും ലോകത്തിനുമായി നൽകണം. അവർ മൂലം ഉണ്ടായ മരണങ്ങൾക്കും നാശത്തിനും പകരമായാണ് അത്- ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യുഎസ് ഇന്റലിജൻസ് ഏജൻസികളോട് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിട്ടുണ്ട്. ബൈഡന്റെ മെഡിക്കൽ ഉപദേഷ്ടാവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്തണി ഫൗച്ചിയും പുനരന്വേഷണത്തിന് ഡബ്ല്യുഎച്ച്ഒയോട് അഭ്യർത്ഥിച്ചു.
ലാബിൽനിന്ന് ചോർന്നതാണെന്ന സിദ്ധാന്തം ഇതുവരെ അംഗീകരിക്കാതിരുന്നയാളാണ് ഫൗച്ചി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആർക്കും 100 ശതമാനം അറിവില്ലാത്തതിനാൽ പുനരന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒരിക്കൽക്കൂടി ചൈന സന്ദർശിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ഡബ്ല്യുഎച്ച്ഒയുടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡച്ച് വൈറോളജിസ്റ്റ് മരിയൻ കൂപ്മാൻസും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post