‘ആരും പേടിക്കേണ്ട, എനിക്കൊന്നും പറ്റിയില്ല’ എന്ന ധ്വനിയോടെയാണ് ഇടിഞ്ഞു വീണ മതിലിനടിയില്‍ നിന്ന് രക്ഷപ്പെട്ട നായക്കുട്ടി വീടിനകത്തേയ്ക്ക് ഓടിക്കയറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരായ വി.എസ്. പ്രശാന്തും തോമസ് വര്‍ഗീസും ചേര്‍ന്നാണ് നായക്കുട്ടിയെ മതിലിനടിയില്‍ നിന്നും രക്ഷപ്പെടുത്തിയെടുത്തത്.
മരുതന്‍കുഴിക്കും വേട്ടമുക്കിനും ഇടയിലാണ് സംഭവം. പ്രശാന്തും തോമസ് വര്‍ഗീസും സഞ്ചരിച്ചിരുന്ന കാറിനു മുന്നിലേക്ക് റോഡിനു മുകള്‍ ഭാഗത്തുള്ള വീടിന്റെ കൂറ്റന്‍ മതില് ഇടിഞ്ഞു വീഴുകയായിരുന്നു. വീട്ടുടമയും മകളും മുറ്റത്തു നിന്ന് അലറിക്കരയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വാഹനം നിറുത്തി ഇരുവരും പുറത്തിറങ്ങി. മതില് വീണ ഭാഗത്തേയ്ക്ക് നോക്കിയപ്പോഴാണ് നായക്കുട്ടി കുടുങ്ങി കിടക്കുന്നത് കണ്ടത്.
മതിലിനോടു ചേര്‍ത്തു പണിതിരുന്ന കൂടു സഹിതമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പ്രശാന്തും തോമസ് വര്‍ഗീസും പരിസരത്തുണ്ടായിരുന്ന ചിലരും ചേര്‍ന്ന് സ്ലാബ് ഉയര്‍ത്തി നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഭാരക്കൂടുതല്‍ കാരണമാണ് കോണ്‍ക്രീറ്റ് സ്ലാബ് ഉയര്‍ത്താന്‍ സാധിക്കാതെ പോയത്.
ഫയര്‍ഫോഴ്സിനെ വിളിച്ചാല്‍ അവരെത്തുമെങ്കിലും അതുവരെ കാത്തു നിന്നാല്‍ നായയുടെ ജീവന് അപകടത്തിലാകുമോ എന്ന പേടിയില്‍, പ്രശാന്തും തോമസും ചേര്‍ന്ന് കാറില്‍ നിന്ന് ജാക്കി പുറത്തെടുത്ത് സ്ലാബിനടയില്‍ വച്ച് ലിവറുപയോഗിച്ച് ഉയര്‍ത്തി. സ്ലാബ് മാറ്റി നായയെ പണിപ്പെട്ട് പുറത്തെടുത്തു. എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കകള്‍ എല്ലാം തള്ളി പേടിച്ചരണ്ടു പോയ വളര്‍ത്തുനായ വീടിനകത്തേക്ക് ഓടി കയറി. ഇതുകണ്ടതോടെ കുടുംബക്കാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആശ്വാസമാവുകയായിരുന്നു.
Discussion about this post