വാഷിങ്ടൺ: കോവിഡ് രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കെ ചൈനയെ പ്രതിക്കൂട്ടിലാക്കി റിപോർട്ടുകൾ. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍നിന്നാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് യുഎസ് മാധ്യമങ്ങള്‍. കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തഘട്ട അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം ചേരാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്
കോവിഡ് രോഗത്തെയും കൊറോണ വ്യാപനത്തെയും കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നത്. 2019 നവംബറിൽ ആണ് ഗവേഷകർ ചികിത്സ തേടിയ ഈ സംഭവമുണ്ടായത്.
രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. മുമ്പ് തന്നെ യുഎസ് അടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്ന വൈറസ് ചൈനീസ് ലാബില്‍നിന്നു പുറത്തുവന്നതാണെന്ന വാദങ്ങള്‍ ബലപ്പെടുത്തുന്നതാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.
അതേസമയം, വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും രോഗവ്യാപനത്തിന്റെ ആദ്യദിനങ്ങളെക്കുറിച്ച് ബൈഡന്‍ ഭരണകൂടത്തിന് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു.
എന്നാല്‍ വൈറസ് ലാബില്‍നിന്നു പുറത്തവന്നതല്ലെന്നാണ് ലോകാരോഗ്യസംഘടന നിയോഗിച്ച സംഘത്തിന്റെ വിലയിരുത്തലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും നല്‍കാന്‍ ചൈന തയാറായിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post