ന്യൂഡൽഹി: ബ്ലാക് ഫംഗസ് ഭീഷണിക്കെതിരെ രാജ്യം കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്‌ക്കെതിരെ രാജ്യം തയ്യാറെടുക്കാനും അദ്ദേഹം നിർദേശം നൽകി. കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. വാരാണസിയിലെ ആരോഗ്യ പ്രവർത്തകരെ ഓൺലൈൻ മീറ്റിങ്ങിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഇപ്പോൾ ഏതാനും ദിവസങ്ങളായി നമുക്ക് വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് ആണുള്ളത്. അതിനെ തോൽപ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. കോവിഡിന് എതിരായ പോരാട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോഡി വികാരാധീനനാവുകയും ചെയ്തു. നിരവധി പേരെ കൊറോണ വൈറസ് നമ്മിൽനിന്ന് തട്ടിയെടുത്തു. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. ‘എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി ആഹ്വാനംചെയ്തു.
Discussion about this post