മുംബൈ: അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ പെട്ട് മുംബൈ തീരത്ത് ബാർജുകൾ മുങ്ങി. ഇന്നലെയോടെ ഉണ്ടായ അപകടത്തിൽ 273പേരാണ് കടലിൽ പെട്ടുപോയത്. ഇവരിൽ 177 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 96 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്ടറുകളുമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയിരിക്കുന്നത്. അപകടത്തിൽ പെട്ട മറ്റ് രണ്ട് ബാർജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്.
ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന പി 305 ബാർജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും സ്ഥിതി രൂക്ഷമാക്കി. മോശം കാലാവസ്ഥ മറികടന്നാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ചുഴലിക്കാറ്റിൽ പെട്ട മറ്റൊരു ബാർജായ ഗാൾ കൺസ്ട്രക്ടറിൽ 137 പേരാണ് ഉണ്ടായിരുന്നത്. ഓയിൽ റിഗുകളിലൊന്നിൽ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാർജുകളിലൊന്നിൽ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. അതേസമയം ഗുജറാത്തിൽ കരയിൽ വീശിയടിക്കുന്ന ടൗട്ടെ ചുഴിക്കാറ്റ് ദുർബലമായി. മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post