തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ ഏറ്റവുമധികം ആകാംക്ഷയോടെ ജനങ്ങൾ കാത്തിരുന്നത് കെകെ ശൈലജ ടീച്ചർ മന്ത്രിയാകുമോ എന്നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ മറ്റാർക്കും രണ്ടാം ഊഴം വേണ്ടെന്ന് പാർട്ടി തീരുമാനിച്ചതോടെ കെകെ ശൈലജ ടീച്ചർക്ക് ഇത്തവണ പാർട്ടി വിപ്പ് സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും കെകെ ശൈലജ ടീച്ചർ പ്രതികരിച്ചു.
പാർട്ടി തീരുമാനിച്ചിട്ടാണ് താൻ മന്ത്രിയായത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ട്. വളരെ നല്ല പുതിയ ടീം ആണ് വരുന്നത്. അവർക്ക് വളരെ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോടു അവർ പ്രതികരിച്ചു.
താൻ മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ്, വ്യക്തിയല്ല. ഒരു സംവിധാനമാണ് ഇതെല്ലാം നിർവഹിക്കുന്നത്. ആ സംവിധാനത്തിന്റെ തലപ്പത്ത് താൻ ആയിരുന്നപ്പോൾ അത് കൈകാര്യം ചെയ്തു. ഞാൻ മാത്രമല്ലല്ലോ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു ടീം അല്ലേ അത് കൈകാര്യം ചെയ്തിരുന്നതെന്നും ശൈലജ പറഞ്ഞു. മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ ശൈലജ, ഇനി വരുന്ന മന്ത്രിസഭയ്ക്കും അതേ പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു.
‘കോവിഡ് പ്രതിരോധ പ്രവർത്തനം താൻ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സർക്കാരിന്റെ പൊതുവായ പ്രവർത്തനവും ടീം വർക്കുമാണ്. ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ പ്രവർത്തനാണ്. ആരോഗ്യ മന്ത്രിയായിരുന്നതു കൊണ്ട് ആ ഉത്തരവാദിത്തം നിറവേറ്റി എന്നതാണ്. പൂർണ സംതൃപ്തിയാണ് ഉള്ളത്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം കഴിയാവുന്നത്ര നന്നായി നിർവഹിക്കാൻ ശ്രമിച്ചു. അതിൽ സംതൃപ്തിയുണ്ട്. പുതിയ ആളുകൾ വരുമ്പോൾ അതിനേക്കാൾ നന്നായി അത് നിർവഹിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.’- അവർ വിശദമാക്കി.
പാർട്ടി മന്ത്രിയാക്കിയത് കൊണ്ടാണ് തനിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിച്ചതെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഏത് പ്രശ്നമായാലും ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾ ഉണ്ടാവുമല്ലോ. അതുകൊണ്ട് അത്തരത്തിൽ ഒരു അഭിപ്രായപ്രകടനം ഉണ്ടാവേണ്ട കാര്യമില്ലെന്നാണ് താൻ കരുതുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.
Discussion about this post