ന്യൂഡൽഹി: ഇസ്രയേൽ-പാലസ്തീൻ സംഘർഷം കനക്കുന്നതിനിടെ പാലസ്തീന് പിന്തുണയുമായി ഇന്ത്യ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ. 200 ഓളം പേരാണ് പാലസ്തീനിൽ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചുവീണത്. ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച സംഭവവികാസങ്ങൾ നിയന്ത്രണാതീതമായി മാറിയതായും കൂടുതൽ വഷളാകുംമുമ്പ് ഇരു വിഭാഗവും സംഘർഷം അവസാനിപ്പിക്കണമെന്നും യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടിഎസ് തിരുമൂർത്തി ആവശ്യപ്പെട്ടു.
”ഇരു വിഭാഗങ്ങളും ആത്മനിയന്ത്രണം പാലിച്ച് ആക്രമണത്തിൽനിന്ന് വിട്ടുനിൽക്കണം. ജെറുസലേമിലും പരിസരങ്ങളിലും തൽസ്ഥിതി തുടരണം. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇന്ത്യ പ്രതിബദ്ധമാണ്”-അദ്ദേഹം പറഞ്ഞു. രാജ്യാന്തര സമൂഹം പ്രശ്ന പരിഹാരത്തിന് നടത്തുന്ന ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചു. ‘പുതിയ സംഘർഷം ഇസ്രായേലിനും പാലസ്തീനുമിടയിൽ അടിയന്തരമായി ചർച്ച പുനരാരംഭിക്കണമെന്ന ആവശ്യം അടിവരയിടുന്നു. നേരിട്ട്, അർത്ഥപൂർണമായ ചർച്ചയില്ലാത്തത് പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. ഭാവിയിലും സംഘട്ടനങ്ങൾക്കേ ഇത് വഴിവെക്കൂ”-തിരുമൂർത്തി പറഞ്ഞു.
അടുത്തിടെ നടന്ന രണ്ട് സുരക്ഷ കൗൺസിൽ യോഗങ്ങളിലും ജെറുസലേം അതിക്രമങ്ങളെ കുറിച്ചും ശൈഖ് ജർറാഹ് കുടിയൊഴിപ്പിക്കലിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഗാസയിൽ നിന്ന് റോക്കറ്റാക്രമണവും ഇസ്രായേലി ആക്രമണവും അവസാനിപ്പിക്കണമെന്നും ഇവ കടുത്ത ദുരിതമാണ് വിതക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post