തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിലും വോട്ട് വിഹിതത്തിലുണ്ടായ കുറവിലും എൻഡിഎയിൽ പൊട്ടിത്തെറി. എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസ് ബിജെപിയുമായി അകലുകയാണെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തെ എൻഡിഎ ശിഥിലമായി ബിജെപി-ആർഎഎസ്എസ് മാത്രമായി ചുരുങ്ങാനാണ് സാധ്യതകൾ. ബിജെപി നേതാക്കൾ ബിഡിജെഎസ് നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും തർക്കം പരിഹരിച്ചിട്ടില്ല.
ഇതിനിടെ, കൺവീനർസ്ഥാനം ഒഴിയുമെന്ന് ബിഡിജെഎസ് അധ്യക്ഷൻകൂടിയായ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതും മുന്നണിയിലെ പൊട്ടിത്തെറി മറനീക്കിപുറത്തെത്തിച്ചു. മുൻകാല തെരഞ്ഞെടുപ്പുകളെക്കാൾ വോട്ടുവിഹിതത്തിൽ ഇത്തവണയുണ്ടായ കുറവാണ് പരസ്പരം പടവെട്ടാൻ എൻഡിഎയിലെ പാർട്ടികളുടെ ആയുധം.
കാലങ്ങളായി ബിജെപി തുടരുന്ന അവഗണനയാണ് തുഷാറിനെയും കൂട്ടരെയും പ്രകോപിപ്പിക്കുന്നത്. 2016ൽ കോവളം മണ്ഡലത്തിൽ ബിഡിജെഎസിലെ കോവളം ടിഎൻ സുരേഷ് 30,987 വോട്ടുനേടിയിരുന്നു. ഇത്തവണ മറ്റൊരു ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിലെ വിഷ്ണുപുരം ചന്ദ്രശേഖരൻ താമരചിഹ്നത്തിൽ മത്സരിച്ചപ്പോൾ കിട്ടിയത് 18,664 വോട്ടാണ്.
ഇതോടെ, ഇപ്പോഴത്തെ നിലയിൽ എൻഡിഎയ്ക്ക് ബിഡിജെഎസ് ബാധ്യതയാണെന്നും ഇടതുമുന്നണിക്ക് വോട്ടുമറിച്ചുകൊടുക്കുന്ന ഇങ്ങനെയൊരു ഘടകകക്ഷി എൻഡിഎയിൽ വേണോയെന്നും ചോദിച്ച് വിഷ്ണുപുരം ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതോടെയാണ് പൊട്ടിത്തെറിയുടെ ആഴം വ്യക്തമായക്. എൻഡിഎയിലെ ഘടകക്ഷികൾ തമ്മിലുള്ള പോരും മുന്നണിക്ക് തവേദനയാവുകയാണ്.
21 മണ്ഡലങ്ങളിൽ മത്സരിച്ച ബിഡിജെഎസ് ശക്തിതെളിയിച്ചില്ലെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.
Discussion about this post