കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കനത്ത പരാജയമാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈക്കമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും താന്‍ അത് അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അതിനാല്‍ സ്വയം ഒരു തീരുമാനം എടുക്കില്ല. പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകാന്‍ തയ്യാറല്ല. പരാജയത്തില്‍ ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും എല്ലാവര്ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുല്ലപ്പള്ളി സൂചിപ്പിച്ചു.
കെപിസിസി അധ്യക്ഷസ്ഥാനം മുല്ലപ്പള്ളി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇതിനോടകം രംഗത്തെത്തിയത്. അതേസമയം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.
സംഘടനാതലത്തില്‍ പെട്ടെന്നൊരു നേതൃമാറ്റമുണ്ടാകുക എന്നതിനപ്പുറത്തേക്ക് സമഗ്രമായ അഴിച്ചുപണിയ്ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫും ആരോപിച്ചിരുന്നു.
Discussion about this post