തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ വൻവിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് സികെ പത്മനാഭൻ. പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്നതിൽ മറ്റ് പല സംസ്ഥാനങ്ങളും കാണിച്ചതിനേക്കാൾ കൂടുതൽ കാര്യക്ഷമത പിണറായി സർക്കാർ കാണിച്ചുവെന്നും സികെ പത്മനാഭൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. പ്രതികരണത്തിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
‘പിണറായി ചെയ്ത നല്ലതെല്ലാം തിരസ്കരിച്ച് കുറ്റം മാത്രം കണ്ടെത്തിയിട്ട് കാര്യമില്ല, ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് പിണറായിക്ക് ജനം മികച്ച പിന്തുണ നൽകുകയായിരുന്നു. ബിജെപിയിൽ പുതിയ ആളുകൾ വരുമ്പോൾ അവരുടെ മുൻകാല ചരിത്രം നോക്കാതെ അവർക്ക് വലിയ സ്ഥാനം കൊടുക്കുന്നത് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്,’ പത്മനാഭൻ കൂട്ടിച്ചേർത്തു.
തുടർഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ കുറേ കാലമായി ഉണ്ടായിരുന്ന സ്വപ്നമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നത്. പിണറായി തുടരുന്നതിൽ ദോഷമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് തോറ്റുവെന്ന് അത്മപരിശോധന നടത്തേണ്ട സമയമാണ് ബിജെപിക്കുള്ളതെന്നും തോൽവി അംഗീകരിക്കണമെന്നും പത്മനാഭൻ പറഞ്ഞു.
കൂടാതെ കെ സുരേന്ദ്രൻ രണ്ട് ഇടങ്ങളിൽ മത്സരിച്ചത് വേണ്ടവിധത്തിലുള്ള കൂടിയാലോചന ഇല്ലാതെയാണെന്നും പത്മനാഭൻ തുറന്നടിച്ചു. പാർട്ടിക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് കിട്ടേണ്ട മാന്യതയും പരിഗണനയും കിട്ടുന്നില്ല, ബിജെപിയെ സംബന്ധിച്ച് പാർട്ടിപ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടത്ത് പിണറായിക്കെതിരെ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു സികെ പത്മനാഭൻ.
Discussion about this post