കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ 35 സീറ്റില്‍ വിജയിച്ച് കേരളത്തില്‍ ഭരണം നേടുമെന്നായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞത്. അതിനായി ബിജെപി കേന്ദ്ര നേതാക്കള്‍ വരെ കേരളത്തില്‍ എത്തി പ്രചരണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേദ്ര മോഡി വരെ കേരളത്തില്‍ എത്തി പ്രചരണം നടത്തിയിരുന്നു. എന്നാല്‍ കൈയ്യില്‍ ഇരുന്നത് പോലും കൈവിട്ട് പോയ അവസ്ഥയാണ് ബിജെപിക്ക് ഇപ്പോള്‍.
2016-ല്‍ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ നേമത്ത് പോലും വിജയിക്കാനാകാതെ ബി.ജെ.പി. ദയനീയമായി തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ നാല് സീറ്റില്‍ വരെ ലീഡ് ഉണ്ടായിരുന്നെങ്കിലും അവസാനത്തേക്ക് എത്തുമ്പോള്‍ കൈയ്യില്‍ ഇരുന്ന സീറ്റും പോയ അവസ്ഥയാണ് ബിജെപിയുടേത്. ബിജെപി സിറ്റിംങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരന് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന റൗണ്ടുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയാണ് കുമ്മനത്തെ പിന്നിലാക്കിയത്.
പാലക്കാട്ട് ഇ. ശ്രീധരനും സമാനസ്ഥിതിയാണുണ്ടായത്. ഒരുഘട്ടത്തില്‍ ഇ. ശ്രീധരന് വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിയെങ്കിലും അവസാനഘട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അട്ടിമറിച്ച് വിജയത്തിലേക്ക് എത്തുകയായിരുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപിയും ഒരു സമയത്ത് ലീഡ് നിലനിര്‍ത്തിയെങ്കിലും പിന്നീട് പിറകിലോട്ട് പോവുകയായിരുന്നു.
അതേസമയം രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് സുരേന്ദ്രന് പോയി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തി. കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരം ലഭിച്ചിട്ടും സര്‍വ സന്നാഹങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മിസ്സോറാമിലേക്ക് ഗവര്‍ണ്ണറായി പോകുമോ എന്നാണ് സോഷ്യല്‍ മീഡയയുടെ പരിഹാസ ചോദ്യം.
Discussion about this post