മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി.
എക്സിറ്റ് പോളുകള്‍ക്ക് കഴിഞ്ഞ ലോക്സഭയുടെ അനുഭവമാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തപാല്‍വോട്ടുകളില്‍ കൃത്രിമം ചെയ്യാന്‍ സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോള്‍ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോലെയാകും. സര്‍വേകള്‍ നിരര്‍ത്ഥകമാണ്. ഓരോ മാധ്യമങ്ങളും ഓരോ തരത്തിലാണ് പ്രവചിക്കുന്നത്. സര്‍വേകളിലും എക്സിറ്റ് പോളുകളിലും പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, തപാല്‍വോട്ടുകളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന ആരോപണവും കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയിട്ടുണ്ട്. തപാല്‍വോട്ടുകള്‍ എണ്ണുമ്പോള്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥന്മാര്ക്കെല്ലാം രാഷ്ട്രീയമുള്ളതാണ്. പോസ്റ്റല്‍ വോട്ടിന്റെ കെട്ടില്‍ കൃത്രിമമുണ്ടാക്കാനാകും. ഇതിനാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ പുറത്തുവന്ന ദേശീയമാധ്യമങ്ങളുടെയെല്ലാം എക്സിറ്റ് പോളുകളില്‍ എല്‍ഡിഎഫിനാണ് വിജയസാധ്യത. 80 മുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. മികച്ച ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാറിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്.
Discussion about this post