തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധമില്ലെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടിയായി പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശ്ശൂർ എസ്പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.
ധർമരാജൻ ആർഎസ്എസുകാരനാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്പി പറയുന്നു.
കൂടുതൽപേരെ വിളിച്ചുവരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും എസ്പി വിശദീകരിച്ചു. കോഴിക്കോട്ടെ അബ്കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി.
സംഭവത്തിൽ ധർമരാജനും ഡ്രൈവർ ഷംജീറുമാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെ, ബിജെപിക്കായി എത്തിച്ച പണമാണ് ഇതെന്ന ആരോപണം ഉയർന്നതോടെ പാർട്ടി നേതൃത്വം ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ പക്കലുള്ള ഓരോ പൈസയ്ക്കും കണക്കുണ്ടെന്നാണ് പാർട്ടി നേതൃത്വം വിശദീകരിച്ചത്.
Discussion about this post