ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് നില അതീവ ഗുരുതരാവസ്ഥയിലായ പിതാവിന് വേണ്ടി കയറിയിറങ്ങിയത് നാല് ആശുപത്രികളെന്ന് ദില്‍ഷോദ് ഗാര്‍ഡിനിലെ മാവേലി സ്റ്റാര്‍ ഉടമ എംബി പ്രകാശ്. ഒടുവില്‍ കണ്മുന്പില് കിടന്ന് പിതാവ് ശ്വാസം മുട്ടി മരിച്ചതായും പ്രകാശ് പറയുന്നു. പിന്നീട് മൃതദേഹം സംസ്കരിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായി വന്നതായും പ്രകാശ് ദുരവസ്ഥ വെളിപ്പെടുത്തി.
പത്തനംതിട്ട കൂടല്‍ അതിരുങ്കല്‍ കനകക്കൂന്നേല് കെ. ബാലന് (75) തിങ്കളാഴ്ച പുലര്‍ച്ചെയാണു കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. അതീവഗുരുതരാവസ്ഥയിലുള്ള പിതാവിനെയും കൊണ്ട് അര്‍ധരാത്രിയാണ് ആശുപത്രികളില്‍ പ്രകാശ് കയറിയിറങ്ങിയയത്. നാട്ടില്‍ വിവാഹാഘോഷത്തില്‍ പങ്കെടുത്ത ശേഷം പ്രകാശും കുടുംബവും തിരികെയെത്തിയതു ഈ മാസം 9നാണ്. വിഷുവിനു പിന്നാലെയാണു പ്രകാശിന്റെ ഭാര്യ സുധയ്ക്കു പനിയും മറ്റ് അസ്വസ്ഥതകളും കണ്ടത്. പിന്നാലെ കുടുംബാംഗങ്ങള്‍ക്കെല്ലാം പനി ബാധിച്ചു.
പരിശോധനയില്‍ കോവിഡാണെന്നു സ്ഥിരീകരിച്ചു. ആദ്യത്തെ ആശങ്കയ്ക്കുശേഷം പതിയെ അസുഖമെല്ലാം കുറഞ്ഞ് കോവിഡ് ഭേദപ്പെടുന്നുവെന്ന നിലയെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രി കെ. ബാലനു ശ്വാസതടസ്സം അനുഭവപ്പെട്ടത്. ആംബുലന്‍സിനു വേണ്ടി പലരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ രാത്രി 11 മണിയോടെ ഒരു ആംബുലന്‍സ് എത്തി. എന്നാല്‍ സഹായത്തിനു നഴ്സുമാരോ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ പ്രകാശും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ബാലനെ ആംബുലന്‍സില്‍ പ്രവേശിപ്പിച്ചത്.
ആദ്യം കട്കട്ഡൂമ ഇഎസ്ഐ ആശുപത്രിയിലെത്തിച്ചെങ്കിലും കിടക്കയില്ലെന്ന മറുപടി. അവിടെനിന്നു നേരെ യമുനാ സ്പോര്‍ട്സ് കോംപ്ലംക്സില്. അവിടെയും കിടക്കയില്ലെന്നായിരുന്നു അറിയിപ്പ്. പിന്നാലെ ദില്‍ഷാദ് ഗാര്ഡന് ജിടിബി ആശുപത്രിയിലെത്തി. അവിടെയും ഫലമുണ്ടായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ ദയാനന്ദ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു ഡോക്ടര്‍ പരിശോധിക്കാനെങ്കിലും തയാറായതെന്ന് പ്രകാശ് പറയുന്നു.
എന്നാല്‍ അപ്പോഴേക്കും ഓക്സിജന്‍ നില അപകടകരമായ വിധത്തില്‍ താണിരുന്നു, പിതാവിന്റെ ജീവന് രക്ഷിക്കാനായില്ലെന്ന് പ്രകാശ് നിറകണ്ണുകളോടെ പറയുന്നു. ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ രാവിലെ പുലര്‍ച്ചെ സീമാപുരി ശ്മശാനത്തിലെത്തി. അവിടെയും മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് സംസ്കരിക്കാന്‍ സാധിച്ചതെന്ന് പ്രകാശ് കൂട്ടിച്ചേര്‍ത്തു.
Discussion about this post