തിരുവനന്തപുരം: കോവിഡ്19 വ്യാപനത്തെ നിയന്ത്രിക്കാനാകാത്ത കേന്ദ്രസർക്കാരിനെതിരെ ജനവികാരം ഉയരുമ്പോൾ വീണ്ടും ന്യായീകരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് മേൽനോട്ടകുറവുണ്ടെന്ന് നിങ്ങൾക്ക് കുറ്റപ്പെടുത്താമെന്ന് മുരളീധരൻ പറഞ്ഞു. പക്ഷെ കേന്ദ്രത്തിന് മേൽനോട്ടം നടത്താനുള്ള അധികാരം മാത്രമേയുള്ളൂവെന്നും അത്തരത്തിൽ മേൽനോട്ടകുറവുണ്ടോയെന്നത് താനല്ല പരിശോധിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനേയും ഡൽഹിയിലെ കെജരിവാൾ സർക്കാരിനേയും മുരളീധരൻ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ ആസൂത്രണത്തിൽ പിഴവ് പറ്റിയെന്നും കേരളത്തെകുറിച്ചാണ് തനിക്ക് ആശങ്കയെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രം എല്ലാ പദ്ധതികൾക്കും പണം കൊടുക്കുകയാണ് ചെയ്യുന്നത്. അത് തന്നെയാണ് വാക്സിന്റെ കാര്യത്തിലും ചെയ്തത്. ഡൽഹിയിലെ തകരാറിന് ഉത്തരവാദിത്തം കെജരിവാളിനാണ്. കേരളത്തിലേത് പിണറായിക്കും. മഹാരാഷ്ട്രയിലും രാജസ്ഥാനിലേയും ഡൽഹിയിലേയും കാര്യം വരുമ്പോൾ അത് നരേന്ദ്രമോഡിക്കാണോ? കുറച്ച് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോഡി ഏറ്റെടുത്ത് നടത്തുന്നതാണോ. ആരോഗ്യവകുപ്പിൽ കേന്ദ്രസർക്കാർ നേരിട്ട് നടപ്പിലാക്കുന്ന ഒരു പദ്ധതി പോലുമില്ല. കേന്ദ്രം പണം നൽകുകയാണ് ചെയ്യുന്നത്. കേന്ദ്രത്തിന് മേൽനോട്ടകുറവുണ്ടെന്ന് നിങ്ങൾക്ക് പറയാം. അതിനുള്ള അധികാരം മാത്രമേയുള്ളു. ഉണ്ടോ ഇല്ലയോ എന്ന് താനല്ല പരിശോധിക്കേണ്ടത്.- മുരളീധരൻ പറഞ്ഞു.
രാജ്യത്തെ കുറിച്ച് ആശങ്കപ്പെടാൻ കേന്ദ്രസർക്കാരുണ്ട്. കേരളം നന്നാവുമ്പോൾ ഉത്തരവാദിത്തം പിണറായി വിജയനും ഡൽഹിയിൽ പിഴവ് വരുമ്പോൾ അവിടെ കെജരിവാൾ കേന്ദ്രത്തേയും കുറ്റപ്പെടുത്തുന്നു. അത് എങ്ങനെ ശരിയാവും. ഒന്നുകിൽ എല്ലാ സംസ്ഥാനത്തിന്റേയും ഉത്തരവാദിത്വം കേന്ദ്രത്തിന് അല്ലെങ്കിൽ എല്ലാത്തിന്റേയും ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്. അപ്പോൾ കേരളത്തിൽ നന്നായതിന്റെ ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്.
സംസ്ഥാനത്തെ മെഗാവാക്സിൻ മേളകൾ മനുഷ്യാവകാശ ലംഘനമാണെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നത് കൊണ്ടാണ് സ്വകാര്യആശുപത്രികളിൽ വാക്സിനേഷനും വാക്സിൻ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ 250 രൂപ ഈടാക്കികൊണ്ട് ഒരു സംവിധാനം ഉണ്ടാക്കാമെന്ന് പറഞ്ഞതെന്നും മുരളീധരൻ അവകാശപ്പെട്ടു.
Discussion about this post