തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിരോധമെന്ന നിലയിൽ ബാറുകളും വിദേശമദ്യ ശാലകളും തൽക്കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർകക്ഷിയോഗത്തിന്റേതാണ് തീരുമാനം.
ബാറുകൾക്കും, വിദേശമദ്യശാലകൾക്കും പുറമേ സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, പാർക്കുകൾ എന്നിവയും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും മാളുകളും രണ്ടുദിവസം പൂർണമായും അടച്ചിടും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ തോത് അനുസരിച്ച് ഇത്തരം അടച്ചിടലുകൾ കൂടുതൽ ദിവസത്തേക്ക് വേണ്ടതുണ്ടെങ്കിൽ കൂടുതൽ ദിവസത്തേക്ക് അടച്ചിടാനാണ് ധാരണ. ഇന്ന് വൈകുന്നേരം മുതൽ സർവകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾ നിലവിൽ വരും.
രാത്രി 7.30 വരെയാണ് കടകൾക്കും റസ്റ്റോറന്റുകൾക്കും തുറന്ന് പ്രവർത്തിക്കാനുളള അനുമതി. എന്നാൽ രാത്രി 9 വരെ റസ്റ്റോറന്റുകൾക്ക് ഭക്ഷണം പാഴ്സലായി നൽകാം. ഹോം ഡെലിവറി നടത്താൻ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം തന്നെ ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പളളികളിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുളളൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇതിലും ചുരുക്കണം. ഇക്കാര്യം ജില്ലാകളക്ടർമാർ അതാതിടത്തെ മതനേതാക്കന്മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി നൽകിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസുകൾ പൂർണമായും ഓൺലൈൻ മതിയെന്ന് തീരുമാനിച്ചു. വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post