നാഗ്പുർ: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിച്ചതിന് പ്രതിഫലമായി ലഭിക്കാനുള്ള ലക്ഷക്കണക്കിന് തുക വേണ്ടെന്ന് വെച്ച് പ്രമുഖ വ്യവസായി പ്യാരേ ഖാൻ. ഇത് തന്റെ റംസാൻ മാസത്തിലെ സക്കാത്താണെന്നും സർക്കാരിൽനിന്ന് പണം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ആഷ്മി റോഡ് കാരിയേഴ്സ് എന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയാണ് നാഗ്പുർ സ്വദേശിയായ പ്യാരേ ഖാൻ. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ട്രക്കുകളുടെ ശൃംഖലയാണ് കമ്പനിക്കുള്ളത്.
അത്യാവശ്യമായി ബംഗളൂരുവിൽനിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകൾ ആവശ്യമായപ്പോൾ മൂന്നിരട്ടി പണം നൽകിയാണ് പ്യാരേ ഖാൻ ഇത് എത്തിച്ചത്. ഓക്സിജൻ ടാങ്കറുകൾക്ക് പലരും ഇരട്ടിവില ചോദിച്ചപ്പോഴും വിലപേശി സമയം കളയാതെ എല്ലായിടത്തും എത്തിച്ചുനൽകുകയും ചെയ്തു. നിലവിൽ നാഗ്പുർ ജില്ലാ ഭരണകൂടവുമായി ചേർന്നാണ് പ്യാരേ ഖാൻ ഓക്സിജൻ വിതരണപ്രവർത്തനങ്ങൾ നടത്തുന്നത്.
ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്നും ട്രാൻസ്പോർട്ട് കമ്പനി ഉടമയായ വളർന്ന പ്യരേ ഖാന് സാധാരണക്കാരുടെ വിഷമങ്ങൾ മനസിലാക്കാൻ സാധിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഓക്സിജനു വേണ്ടി പാവപ്പെട്ട രോഗികൾ അപേക്ഷിക്കുമ്പോൾ പണത്തിന്റെ കണക്ക് നിരത്താൻ ഈ വ്യവസായിക്ക് സാധിക്കില്ല. ഒരാഴ്ചയ്ക്കുള്ളിൽ നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സർക്കാർ ആശുപത്രികളിൽ 400 മെട്രിക് ടൺ മെഡിക്കൽ ഓക്സിജനാണ് പ്യാരേ ഖാന്റെ ട്രാൻസ്പോർട്ട് കമ്പനി വഴി എത്തിച്ചത്. ഇതിനായി 85 ലക്ഷം രൂപയാണ് പ്യാരേ ഖാന് ചെലവായത്.
ഈ പണം നൽകാമെന്ന് സർക്കാർ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അത് സന്തോഷത്തോടെ നിരസിച്ചിരിക്കുകയാണ് ഇദ്ദേഹം. ഇനിയും ആവശ്യമെങ്കിൽ ബ്രസൽസിൽനിന്ന് ഓക്സിജൻ ടാങ്കറുകൾ എയർലിഫ്റ്റിങ് വഴി എത്തിക്കാൻ പദ്ധതിയുണ്ടെന്നും പ്യാരേ ഖാൻ പറയുന്നു.
മനുഷ്യർക്കുളള സേവനമായി ഇതിനെ പരിഗണിക്കണമെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവിഭാഗങ്ങളിലുള്ളവർക്കും ഓക്സിജൻ എത്തിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ വിവിധ ആശുപത്രികൾക്കായി 500ലേറെ ഓക്സിജൻ സിലിണ്ടറുകൾ തങ്ങൾ നൽകിയതായും 360 സിലിണ്ടറുകൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും പ്യാരേ ഖാൻ പറഞ്ഞു.
Discussion about this post