കോഴിക്കോട്: വിജിലന്‍സ് റെയ്ഡില്‍ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയുംവീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.
ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിയ്ക്ക് കുരുക്ക് മുറുകും.
പൊതുപ്രവര്‍ത്തകനായ അഡ്വ. എംആര്‍ ഹരീഷ് നല്കിയ പരാതിയെ തുടര്‍ന്നാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
Discussion about this post