ന്യൂഡല്‍ഹി: ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡ് നടന് രജനികാന്തിന്. വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
അന്‍പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ പുരസ്കാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്കപ്പെടുന്ന ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് 1969- മുതല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നല്‍കുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പേ വന്ന പുരസ്കാര വാര്‍ത്ത രാഷ്ട്രീയലോകത്തും കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയം വ്യക്തമായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അദ്ദേഹം പലപ്പോഴും പ്രശംസിച്ചു രംഗത്തു വന്നിരുന്നു.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തന്റെ ആരാധക കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രത്തെ കേഡര്‍ പാര്‍ട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രജനി പുനസംഘടിപ്പിച്ചു.
തമിഴ്നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ ബൂത്തും പ്രവര്‍ത്തകരും ഉള്ള രീതിയില്‍ രജനി ഒരു സംഘടനാ സംവിധാനം സജ്ജമാക്കിയെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അവസാനനിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പേ രജനിക്ക് പുരസ്കാരം പ്രഖ്യാപിച്ചുള്ള വാര്‍ത്ത വന്നതോടെ നിരാശരായ രജനി ആരാധകരും ഉണര്‍ന്നേക്കും എന്ന നിരീക്ഷണവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
Discussion about this post