തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി എൻഡിഎയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പരിപാടികൾക്ക് സംസ്ഥാന സർക്കാർ മനഃപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമ്മിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും സംസ്ഥാന ഭരണകൂടത്തിന് എതിരായ പ്രസ്താവനയിൽ ബിജെപി പറഞ്ഞു.
തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകളിലൊന്നും തന്നെ അനുമതി നൽകാതെ നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. കോന്നിയിൽ ഹെലിപാഡ് നിർമ്മിക്കാൻ പാർട്ടി പണം നൽകണമെന്ന് സംസ്ഥാനം നിർബന്ധം പിടിച്ചെന്നും ജോർജ് കുര്യൻ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നതിന് സുരക്ഷാവിഷയങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിക്കുമാത്രം ചില ഇളവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. ആ മാനദണ്ഡങ്ങൾ പാലിക്കാനോ പിന്തുടരാനോ സംസ്ഥാനസർക്കാർ തയ്യാറായില്ല.
തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കാനുള്ള ഗ്രൗണ്ട് ഏതാണെന്ന് നിർണ്ണയിക്കുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തി. ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടിട്ടാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം അനുവദിച്ചത്. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത നിലപാടാണ് സംസ്ഥാന ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post