ഭോപ്പാൽ: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയോട് തുടർന്നും കണ്ണില്ലാത്ത ക്രൂരത കാണിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ള ആൾക്കൂട്ടം. മധ്യപ്രദേശിലെ അലിരാജ്പുരിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതിക്കൊപ്പം നടത്തിക്കുകയും മർദിച്ചശേഷം കെട്ടിയിടുകയും ചെയ്താണ് പരസ്യമായി അപമാനിച്ചത്.
ബലാത്സംഗത്തിനിരയായ 16 വയസ്സുകാരിയോടാണ് ക്രൂരത കാണിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത പോലീസ് പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയായ 21കാരനൊപ്പം ഒരു സംഘം ആളുകൾ ഗ്രാമത്തിലൂടെ നിർബന്ധിച്ച് നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആൾക്കൂട്ടം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്നതും ഇതിനുശേഷം ഇരുവരെയും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ഇരുവരെയും കെട്ടിയിട്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് പെൺകുട്ടിയെ പിന്നീട് മോചിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 21കാരനെതിരെയും ഇരുവരെയും മർദിച്ചതിന് ആറ് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post